Diamond Jubilee Celebrations
13 July 2023
The year-long Diamond Jubilee celebrations of the college will be inaugurated on 15th July , 2023 by H. E. Dr C V Ananda Bose, Hon Governor of West Bengal. His Holiness Baselios Marthoma Mathews III will chair the inaugural session. H G Dr Zacharias Mar Aprem (Corporate Manager-M O C Colleges), Sri Thomas Chazhikkadan M P, Sri Thiruvanchoor Radhakrishnan MLA and Sri Mons Joseph MLA will grace the occasion with their presence.
Diamond Jubilee Year – 2023 Invitation
Diamond Jubilee Logo

കോട്ടയം ബസേലിയസ് കോളേജ് വജ്രജൂബിലി നിറവില്‍
കോട്ടയം- പരിശുദ്ധ ബസേലിയോസ് ഗീവറുഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ പാവനസ്മരണാര്‍ത്ഥം കോട്ടയം നഗരത്തില്‍ 1964 ജൂലൈ 4-ന് സ്ഥാപിതമായ ബസേലിയസ് കോളേജിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ 2023 ജൂലൈ 15-ന് ആരംഭിക്കുന്നു. രാവിലെ 11-ന്ഓ ര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ഡോ. സി. വി. ആനന്ദബോസ് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വജ്രജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു. ഓര്‍ത്തഡോക്സ് സഭാ കോളേജുകളുടെ മാനേജര്‍ ഡോ. സഖറിയാസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. തോമസ് ചാഴികാടന്‍ എം. പി., തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം. എല്‍. എ., മോന്‍സ് ജോസഫ് എം. എല്‍. എ., കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ബിജു തോമസ്, ജനറല്‍ കണ്‍വീനര്‍ ഡോ. ജ്യോതിമോള്‍ പി. തുടങ്ങിയവര്‍ സംബന്ധിക്കും. യു. ജി. സി. നാക് അക്രഡിറ്റേഷനില്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡായ എ++ നേടിയ ബസേലിയസ് കലാലയം വജ്രജൂബിലി വര്‍ഷത്തില്‍ വിവിധങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നു. കലാലയത്തിലെ ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് അദ്ധ്യാപക-അനദ്ധ്യാപക-വിദ്യാര്‍ത്ഥി സമൂഹത്തിന്‍റെ കൈത്താങ്ങോടെ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന “ബേസല്‍ ഹോം’ പദ്ധതി, പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയായ വി ബസേലിയന്‍ കോളേജിനായി നിര്‍മ്മിച്ചു നല്‍കുന്ന ഡിജിറ്റല്‍ തീയറ്ററിന്‍റെ ഉദ്ഘാടനം, ബസേലിയസ് കലാലയ കുടുംബത്തിലെ തലമുറകളുടെ സ്നേഹസംഗമം – “ഹൃദ്യം’, സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭകളെ ആദരിക്കുന്ന വജ്രജൂബിലി എക്സലന്‍സ് അവാര്‍ഡ് – ‘ശ്രേഷ്ഠ’ എന്നിവയും ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള സെമിനാറുകള്‍, ശില്പശാലകള്‍, ദേശീയതലത്തിലുള്ള കായിക മത്സരങ്ങള്‍, കലാ സാംസ്കാരിക സമ്മേളനങ്ങള്‍ തുടങ്ങിയവയും ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്നു. സഹകരണ രജിസ്ട്രേഷന്‍ മന്ത്രി വി. എന്‍. വാസവന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, സാംസ്കാരിക, യുവജനകാര്യ മന്ത്രി സജി ചെറിയാന്‍, ജില്ലാ കളക്ടര്‍ ആര്‍. വിഗ്നേശ്വരി ഐ. എ. എസ്., മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ. വി. ബിന്ദു, മഹാത്മാഗാന്ധി സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. സി. റ്റി. അരവിന്ദകുമാര്‍, മഹാത്മാഗാന്ധി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് അംഗം അഡ്വ. റെജി സഖറിയ തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ മുഖ്യാതിഥികളായിരിക്കും.
അറുപതാണ്ടുകളില്‍ അക്കാദമിക, കലാ, കായിക സാംസ്കാരിക മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവച്ചുകൊണ്ടാണ് ബസേലിയസ് കലാലയം മുന്നേറുന്നത്. നാഷണല്‍ സര്‍വ്വീസ് സ്കീം, നാഷണല്‍ കേഡറ്റ് കോര്‍പ്സ്, എന്നിവയുടെ യൂണിറ്റുകള്‍ മികച്ച യൂണിറ്റുകള്‍ക്കുള്ള ബഹുമതി എല്ലാ വര്‍ഷവും കരസ്ഥമാക്കുന്നു. കോളേജിലെ പ്ലേസ്മെന്‍റ് സെല്‍ മുഖേന വിദ്യാര്‍ത്ഥികള്‍ക്ക് പഠന കാലയളവില്‍ തന്നെ ബാങ്കിംഗ് മേഖലയിലും മറ്റ് സ്ഥാപനങ്ങളിലും ജോലി ലഭിക്കുന്നു. കോട്ടയം നഗരത്തില്‍ ആരും വിശക്കുന്നവരായി ഉണ്ടാകരുത് എന്ന ലക്ഷ്യത്തോടുകൂടി ആരംഭിച്ച ‘നിറവ്’ ഉച്ചഭക്ഷണ പദ്ധതി അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും സഹായത്തോടെ നടപ്പിലാക്കുന്നു. നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്ക് കോവിഡ് കാലത്ത് കൈത്താങ്ങായി ഏര്‍പ്പെടുത്തിയ നൂതന പദ്ധതിയാണ് ‘ബേസല്‍ കെയര്‍. പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ കോളേജിന്‍റെ അഭിമാനമാണ്. ഭരണകര്‍ത്താക്കള്‍, സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, ന്യായാധിപന്മാര്‍, അഭിനേതാക്കള്‍, പുരോഹിത ശ്രേഷ്ഠര്‍, കായിക താരങ്ങള്‍ തുടങ്ങി സമൂഹത്തിന്‍റെ ഉന്നതശ്രേണിയില്‍ വിരാജിക്കുന്ന അനേകം ആളുകളുടെ കൂട്ടായ്മയാണ് ‘വി ബസേലിയന്‍’ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന. കോളേജിന്‍റെ പേരും പെരുമയും വര്‍ദ്ധിപ്പിക്കുന്നതില്‍ പൂര്‍വ്വവിദ്യാര്‍ത്ഥികളുടെ പങ്ക് ഏറെയാണ്. 12 ബിരുദ വകുപ്പുകളും, 7 ബിരുദാനന്തര ബിരുദ വകുപ്പുകളും, 3 ഗവേഷണ വിഭാഗങ്ങളുമായി അക്കാദമിക് മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്ന ബസേലിയസ് കലാലയം വിവിധ വിഷയങ്ങളില്‍ ആഡ്ഓണ്‍ കോഴ്സുകളും മത്സരപരീക്ഷകള്‍ക്ക് പരിശീലനങ്ങളും നടത്തുന്നു. വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോമുഖ വളര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കി പ്രവര്‍ത്തിക്കുന്ന കലാലയത്തിന്‍റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ പ്രൊഫ. ഡോ. ജ്യോതിമോള്‍ പി., ബര്‍സാര്‍ ഡോ. ജോയി മര്‍ക്കോസ്, ഇവന്‍റ് കോര്‍ഡിനേറ്റര്‍ ഡോ. ജോജി എം.ഫിലിപ്പ്, ജോയിന്‍റ് കണ്‍വീനര്‍ സണ്ണി വര്‍ഗീസ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ കമ്മറ്റി നേതൃത്വം നല്‍കുന്നു.